തിരുവനന്തപുരം: പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ (ആര്‍പിഎല്‍) തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിനായി സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചു. തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടിയുടെ അഭ്യര്‍ഥന പ്രകാരം ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഗ്രാന്റ് അനുവദിച്ചത്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരില്‍ നിന്നും അഞ്ചു കോടി രൂപ ഗ്രാന്റായി ലഭിച്ചതു വഴിയാണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വേതനവും മറ്റ് ചെലവുകളും കൊടുത്തു തീര്‍ക്കുവാന്‍ ആര്‍പിഎല്ലിന് സാധിച്ചത്. റബ്ബര്‍ വിലയിലുണ്ടായ ഇടിവും കമ്പനിയിലെ റബ്ബര്‍ മരങ്ങള്‍ റീപ്ലാന്റിംഗ് ചെയ്യുന്നതുമൂലമുള്ള വലിയ സാമ്പത്തിക ബാദ്ധ്യതയും മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷക്കാലം കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചത്.
ഇതോടൊപ്പം പ്രകൃതി ദുരന്തവും കോവിഡ്-19 പകര്‍ച്ചവ്യാധിമൂലം പ്ലാന്റേഷന്‍ അടക്കേണ്ട സാഹചര്യം ഉണ്ടായതിനാലും ഏകദേശം 41 x 1095 മസ്ദൂര്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടമായിരുന്നു. നിലവില്‍ പ്രതിമാസം ശരാശരി മൂന്നു കോടി രൂപ ചെലവുവരുമ്പോള്‍ ഏകദേശം 2.25 കോടി രൂപ മാത്രമാണ് റബ്ബറിന്റെ വിറ്റുവരവിലൂടെ ലഭിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് ഏകദേശം 528 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കമ്പനിയുടെ നിലവിലെ സാമ്പത്തിക നില ഓണത്തിനു മുമ്പ് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുവാന്‍ പോലും പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് തൊഴില്‍ വകുപ്പു മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്.
റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് കേന്ദ്ര ഗവണ്‍മെന്റിന്റേയും കേരള ഗവണ്‍മെന്റിന്റേയും ഒരു സംയുക്ത സംരംഭമാണ്. 1964-ലെ സിരിമാവോ -ശാസ്ത്രി ഉടമ്പടിയെ തുടര്‍ന്ന് ശ്രീലങ്കയില്‍നിന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെട്ട ഇന്ത്യന്‍ വംശജരുടെ പുനരധിവാസം ആവശ്യമായി വരുകയും അതിനു വേണ്ടി 1972-ല്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഒരു പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തു. ഇതിനായി 2070 ഹെക്ടര്‍ വനഭൂമി വെട്ടിത്തെളിച്ച് റബ്ബര്‍ പ്ലാന്റേഷന്‍ തയ്യാറാക്കി. ഈ റബ്ബര്‍ പ്ലാന്റേഷന്‍ ആയിരനല്ലൂര്‍, കുളത്തൂപ്പുഴ എന്നീ എസ്റ്റേറ്റുകളിലായി വ്യാപിച്ചു കിടക്കുന്നു. തോട്ടത്തിലെ ജോലികള്‍ക്കായി പുനരധിവസിപ്പിക്കേണ്ടവരെ നിയമിച്ച് അവര്‍ക്ക് ജീവിതമാര്‍ഗ്ഗം നല്‍കുക എന്ന ‘ജോലി നല്‍കല്‍ പദ്ധതിയിലൂടെ’ പുനരധിവാസം സാദ്ധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.
കേരള വനംവകുപ്പിന്റെ കീഴില്‍ ഒരു റബ്ബര്‍ പ്ലാന്റേഷന്‍ പദ്ധതിയായി 1972-ല്‍ തുടങ്ങിയ ഈ സ്ഥാപനം വ്യാവസായികാടിസ്ഥാനത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിപ്പിക്കുന്നതിന്റെ ഭാഗമായി 1976 മെയ് അഞ്ചിന് ഇന്‍ഡ്യന്‍ കമ്പനി നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ ഭരണ മേല്‍നോട്ടത്തിലാണ് കമ്പനി പ്രവര്‍ത്തിച്ചു വരുന്നത്.
ശ്രീലങ്കയില്‍നിന്നും തിരികെയെത്തിയ 700 റിപ്പാട്രിയേറ്റ് ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബങ്ങളെയാണ് ഈ കമ്പനിയില്‍ പുനരധിവസിപ്പിച്ചിട്ടുള്ളത്. ഈ കുടുംബത്തില്‍പ്പെട്ട രണ്ടുപേര്‍ക്കു വീതം കമ്പനി ജോലി നല്‍കി വരുന്നുണ്ട്. കമ്പനിയുടെ സ്ഥിരം തൊഴിലാളികളെല്ലാം ശ്രീലങ്കന്‍ റിപ്പാട്രിയേറ്റ് കുടുംബങ്ങളാണ്.ഇവുരുടെ അടുത്ത തലമുറ നിലവില്‍ കമ്പനിയില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി നോക്കുന്നുണ്ട്. ഏകദേശം 6500-ഓളം അംഗങ്ങളാണ് ഇപ്പോള്‍ ഈ കുടുംബങ്ങളിലായുള്ളത്. കമ്പനിയില്‍ പുനരധിവസിപ്പിക്കപ്പെട്ട റീപാട്രിയേറ്റ് കുടുംബങ്ങള്‍ക്കായി ഭവനം ഫൌണ്ടേഷന്‍ കേരള മുഖേന ഭവന പദ്ധതി നടപ്പിലാക്കി വരുന്നു. ശ്രീലങ്കന്‍ റിപ്പാട്രിയേറ്റുകളില്‍ തൊഴില്‍ ലഭിക്കാതെ അവശേഷിച്ചിരുന്ന അര്‍ഹരായ 121 പേര്‍ക്ക് സ്ഥിരം ജോലി നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ക്വോട്ടേഴ്‌സുകള്‍ നിര്‍മ്മിക്കുകയും നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തു. കമ്പനിയില്‍ ഇപ്പോള്‍ 854 സ്ഥിരം തൊഴിലാളികളും 233 താല്ക്കാലിക തൊഴിലാളികളും സ്റ്റാഫ്-ഓഫീസര്‍ വിഭാഗത്തിലായി 157 ജീവനക്കാരും ഉള്‌പ്പെംടെ ആകെ 1244 ജീവനക്കാര്‍ ജോലിചെയ്തു വരുന്നു.നിലവില്‍ കമ്പനിയുടെ കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ 1256.23 ഹെക്ടറിലും ആയിരനല്ലൂര്‍ എസ്റ്റേറ്റില്‍ 692.65 ഹെക്ടറിലുമാണ് റബ്ബര്‍ പ്ലാന്റേഷന്‍ ഉള്ളത്. 2193 ഹെക്ടര്‍ വനഭൂമിയാണ് നിലവില്‍ കമ്പനിക്ക് പാട്ട വ്യവസ്ഥയില്‍ നല്‍കിയിട്ടുള്ളത് .
തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കുന്നതിനായി റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി ഇന്ന് (17.08.2021) രാവിലെ 10 മണിക്ക് തൊഴില്‍ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

















