കോവിഡിന്റ ആരംഭത്തിലായിരുന്നു ഹൃദ്രോഗവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവര്‍ക്കാണ് രോഗസാധ്യതയും മരണപ്പെടാനുള്ള സാധ്യതയുമെന്ന റിപ്പോര്‍ട്ടുകൾ പ്രധാനമായും പുറത്തു വന്നത്. എന്നാല്‍ കേസുകളുടെ എണ്ണം പുരോഗമിച്ചതോടെ കോവിഡ് ബാധതന്നെ പുതുതായി ഹൃദ്രോഗം ഉണ്ടാക്കാമെന്ന സ്ഥിതി വന്നു.
ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടാക്കുന്ന പഴുപ്പും ഇതിനെതിരെ ശരീരം ഉയര്‍ത്തി വിടുന്ന സൈറ്റോകീന്‍ പ്രവാഹവുമാണ് പലപ്പോഴും ഹൃദയത്തിന് ദോഷമാകുന്നത്. ഹൃദയത്തിന്‍റെ ഭിത്തികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡഡൈറ്റിസിനും പെരികാര്‍ഡൈറ്റിസിനും ഇത് കാരണമാകാം. കോവിഡ് ബാധ ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്കും നയിക്കാം. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു.
അസാധാരണമായ ഹൃദയമിടിപ്പ്, കാലുകളിലും ശ്വാസകോശത്തിലും രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയിലേക്കും കോവിഡ് നയിക്കാം. ദീര്‍ഘകാല കോവിഡിനെ സംബന്ധിച്ച് നടന്ന ഒരു പഠനവും കോവിഡ് ഹൃദ്രോഗ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കുന്നു. ഡെല്‍റ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനം ഹൃദയവുമായി ബന്ധപ്പെട്ട കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പരിഹാരമെന്ന് കണ്ടെത്തിയ ചില വാക്സീനുകള്‍ പോലും ഹൃദയപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഓക്സ്ഫഡ് ആസ്ട്രസെനക വാക്സീനും അപൂര്‍വമായ രക്തം കട്ടപിടിക്കല്‍ രോഗവുമായി ബന്ധമുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. എംആര്‍എന്‍എ വാക്സീനുകള്‍ അപൂര്‍വമായി ഹൃദയഭിത്തികളില്‍ നീര്‍ക്കെട്ടുണ്ടാക്കാമെന്നും കണ്ടെത്തി. 30 വയസ്സിന് താഴെയുള്ള പുരുഷന്മാരില്‍ രണ്ടാം ഡോസ് എടുത്ത ശേഷമാണ് ഈ അവസ്ഥ കണ്ടുവരുന്നത്.
എന്നാല്‍ ഇവയെല്ലാം അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്നതാണെന്നും ഈ കാരണം കൊണ്ട് വാക്സീന്‍ എടുക്കാതിരിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഓസ്ട്രേലിയക്കാരില്‍ 56 ലക്ഷം ഫൈസര്‍ വാക്സീന്‍ ഡോസുകൾ നല്‍കിയതില്‍ വെറും 111 കേസുകളില്‍ മാത്രമാണ് ഹൃദയത്തിന് നീര്‍ക്കെട്ട് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാക്സിനേഷന്‍റെ ഗുണഫലങ്ങള്‍ ഇത്തരം അപൂര്‍വ പാര്‍ശ്വഫലങ്ങളെ കവച്ച് വയ്ക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ഹൃദ്രോഗമുള്ള ബഹുഭൂരിപക്ഷം പേര്‍ക്കും സുരക്ഷിതമായി കോവിഡ് വാക്സീനുകള്‍ എടുക്കാവുന്നതാണ്. എന്നാല്‍ കഴിഞ്ഞ ആറു മാസത്തില്‍ മയോകാര്‍ഡൈറ്റിസോ പെരികാര്‍ഡൈറ്റിസോ ഉണ്ടായിട്ടുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം വാക്സീന്‍ എടുക്കുന്നതാകും ഉചിതം.
















