കേരള പൊലീസിനെ കൊള്ളക്കാരെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാവില്ല എന്ന പറയേണ്ടി വരുന്നു. കോവിഡും ലോക്ക് ഡൗണും തീർത്ത ആഘാതങ്ങളിൽ ഉഴലുന്ന മനുഷ്യരുടെ കീശയിലെ അവസാന പണവും ‘അപഹരിക്കുന്ന’ പൊലീസിനെ പിന്നെ എന്ത് വിളിക്കണമെന്നാണ് ജനം ചോദിക്കുന്നത്. അമ്പത് രൂപക്ക് ഊണ് വാങ്ങാൻ ഇറങ്ങിയ ആൾക്ക് വരെ 500 രൂപയുടെ ഫൈൻ നൽകിയ സംഭവങ്ങൾ ദിനംപ്രതി വർധിക്കുകയാണ്.
രണ്ടാം ലോക്ക് ഡൗൺ കാലത്ത് 100 ദിവസത്തിനിടെ മാത്രം കേരള പൊലീസ് ജനങ്ങളിൽ നിന്ന് പിരിച്ചത് / പിടിച്ച് പറിച്ചത് കോടികളാണ്. സാമ്പത്തിക പ്രയാസങ്ങൾ കാലം ജനം ബുദ്ധിമുട്ടുന്ന കാലത്ത് തന്നെയാണ് ഈ കോടികളുടെ പിരിവ് എന്നതാണ് വിരോധാഭാസം. 125 കോടി രൂപ ഇക്കാലയളവിൽ പിരിച്ചെന്നാണ് കണക്ക്. എന്നാൽ യഥാർത്ഥ കണക്ക് പുറത്തുവിടാൻ പൊലീസ് തയ്യാറല്ല. 125 കോടി രൂപ പിരിക്കാൻ 17 ലക്ഷം പേരുടെ പോക്കറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതല നൽകുന്ന ആഭ്യന്തര വകുപ്പ് തയ്യാറായി. എന്നാൽ ഈ കണക്കുകൾ പുറത്തുവിടാൻ വകുപ്പ് തയ്യാറായിട്ടില്ല.
മെയ് 8 മുതൽ ആഗസ്റ്റ് 10 വരെ 17.75 ലക്ഷം കേസുകളാണ് സംസ്ഥാന പൊലീസ് ചുമത്തിയത്. മാസ്ക് ധരിക്കാത്തതിനോ കൃത്യമായി വെക്കാത്തതിനോ ആണ് കൂടുതൽ കേസുകൾ ചുമത്തിയിട്ടുള്ളത്. 10.7 ലക്ഷം കേസുകൾ ഇത്തരത്തിൽ മാത്രം ചുമത്തി. ഇതിന് 500 രൂപ വച്ച് പിഴ കണക്കാക്കിയാൽ മാസ്കില്ലാത്തവരിൽ നിന്ന് കിട്ടിയ തുക 53.6 കോടിയാണ്. നിയന്ത്രണം ലംഘിച്ചതിന് 2.3 ലക്ഷം വണ്ടി പിടിച്ചെടുത്തു. രണ്ടായിരം രൂപ വച്ച് പിഴ കൂടിയാൽ വരുമാനം 46 കോടി രൂപ.
ക്വാറൻ്റീൻ ലംഘനത്തിന് 5920 കേസുണ്ട്. ആ ഇനത്തിലും 2000 രൂപ വച്ച് പിഴ കണക്കാക്കിയാൽ ലഭിച്ചത് 1.1 കോടി. സാമൂഹിക അകലം പാലിക്കാത്തത് അടക്കമുള്ള നിയന്ത്രണ ലംഘനത്തിന് 4.7 ലക്ഷം പേർക്കെതിരെയാണ് കേസ്. ഇതിന് 500 മുതൽ 5000 വരെയാണ് പിഴ. ഇങ്ങിനെ എല്ലാം ചേരുമ്പോൾ 125 കോടിയിലേറെ രൂപയാണ് സർക്കാർ ഖജനാവിലേക്ക് ഈ വറുതിക്കാലത്ത് പൊലീസ് ലാഭമുണ്ടാക്കി നൽകിയത്. ഒരുപക്ഷേ ഈ ദുരിതകാലത്ത് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ സർക്കാർ ‘ബിസിനസ്’ ആണ് പൊലീസ് പിരിവ്.
സാമൂഹിക അകലം പാലിക്കാത്തതിന് 4.7 പേർക്കെതിരെ കേസെടുത്തെന്നാണ് കണക്ക്. എന്നാൽ ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇതിൽ നിന്ന് പലപ്പോഴും രാഷ്ട്രീയ പാർട്ടിക്കാരുടെ യോഗങ്ങളും പ്രകടനങ്ങളും രക്ഷപ്പെടുന്നു. അവർക്കെതിരെ കേസുമില്ല, ഫൈനുമില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നു. ഫലം വന്നപ്പോൾ വിജയിച്ചവരുടെ വക പ്രകടനങ്ങളും ആഘോഷങ്ങളും നടന്നു. എവിടെയും കേസില്ല.
10.7 ലക്ഷം പേർക്കെതിരെ മാസ്ക് ധരിക്കാത്തതിന് കേസെടുത്തപ്പോൾ മാധ്യമങ്ങളെ കാണുമ്പോൾ മാസ്ക് ഒഴിവാക്കുന്ന നേതാക്കളെ പൊലീസ് ഒഴിവാക്കി കൊടുത്ത് മനസിന്റെ വിശാലത കാണിച്ചിട്ടുണ്ട്. ഇടത് നേതാവും എംഎൽഎയുമായ എ എൻ ഷംസീർ മാസ്ക് ധരിക്കാതെയാണ് നിയസഭ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നത്. ഷംസീർ മാസ്ക് ഉപേക്ഷിച്ചോ എന്ന് ഒരവസരത്തിൽ സ്പീക്കർക്ക് ചോദിക്കേണ്ടിയും വന്നു. ഷംസീർ കഴിഞ്ഞ സഭക്കാലത്ത് മാസ്ക് ധരിക്കാതെ സ്‌കൂട്ടറിൽ വന്നതും മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ മാസ്ക് എടുത്ത് ധരിച്ചതും മുൻപ് വൈറൽ ആയതാണ്. ഷംസീർ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. ഇതിനെല്ലാം കേസെടുത്തോ എന്ന് ചോദിക്കരുത്. എടുത്ത ഒരു കേസിന്റെ പൊല്ലാപ്പിലാണ് നേതാക്കൾ.
പോലീസിന്റെ ഈ ‘പിഴക്കാലത്ത്’ കുടുങ്ങിയവർ നിരവധിയാണ്. ചോറ് വാങ്ങാൻ പോയ ആള് മാത്രമല്ല, ബലിയിടാൻ പോയ വിദ്യാർത്ഥിയും, തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് നടന്ന് പോയ വയോധികയും, ആശുപത്രിയിലേക്ക് പോയവരും, സത്യവാങ്മൂലത്തിൽ ഫോൺ നമ്പർ എഴുതാൻ മറന്നവരും, ഒപ്പിടാൻ മറന്നവരും, ആവശ്യവസ്തു വാങ്ങാൻ പോയവരും, ഡബിൾ മാസ്ക് ഇടാത്തവരും എല്ലാം ഉണ്ട്. 35 ഫൈനുകൾ ലഭിച്ച മലപ്പുറം മഞ്ചേരി സ്വദേശിയുമുണ്ട് ഇക്കൂട്ടത്തിൽ. എല്ലാം മാരക കുറ്റം അല്ല. പക്ഷേ ഫൈൻ മാരകമാണ്.
എന്നാൽ ഇതൊക്കൊ സാധാരണം മാത്രമാണ് വകുപ്പ് തലവൻ കൂടിയായ മുഖ്യമന്ത്രിക്ക്. പൊലീസിന് ക്ലീൻ ചിറ്റ് നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. പൊലീസ് നടപടികളെ പൂർണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാഅപരാധം എന്ന മട്ടിൽ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതല മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെള്ളപൂശൽ.
പിഴകളുടെ കാര്യം മാത്രമാണ് ഇത്. പൊലീസ് ഇക്കാലത്ത് നടത്തിയ ക്രൂരതകൾ ഒരുപാടുണ്ട്. വീടിന് പുറത്ത് നിന്ന തിരുവനന്തപുരത്തെ യുവാവ് മുതൽ അവശ്യ സാധനം വാങ്ങാൻ പുറത്തിറങ്ങിയ മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുൾപ്പെടെയുള്ളവരെ തല്ലിച്ചതച്ച സംഭവങ്ങൾ ഉണ്ട്. നാട്ടുകാരുടെ ഫോൺ തട്ടിപ്പറിക്കൽ, മീൻ തട്ടിമറിക്കൽ തുടങ്ങിയ കലാപരിപാടികളും പൊലീസ് തുടരുന്നുണ്ട്.
സർക്കാരിന് പണം കണ്ടെത്താൻ ഉപയോഗിക്കേണ്ട ടൂൾ അല്ല പൊലീസ്. ലോകത്ത് എല്ലായിടത്ത് നിന്നും വ്യത്യസ്തമാണ് നമ്മുടെ പൊലീസ്. പൊലീസിനെ കാണുമ്പോൾ സുരക്ഷിതത്വം തോന്നുന്നതിന് പകരം ഓടിയൊളിക്കാനാണ് ജനങ്ങൾക്ക് തോന്നുന്നത്. ഒരു വകുപ്പ് എത്രത്തോളം പരാജയമാണെന്ന് കാണിക്കാൻ ഇതില്പരം തെളിവ് വേറെന്തുവേണം.