കേരളത്തിൽ മൺസൂൺ പകുതി പിന്നിട്ട് കഴിഞ്ഞു. രണ്ടാം പകുതിയിലാണ് ഇപ്പോഴുള്ളത്. എന്നാൽ ആദ്യ പകുതിയിലെ മഴക്കുറവ് രണ്ടാം പകുതിയിലും തുടരുന്ന കാഴ്ചയാണ് കാണുന്നത്. കാലാവസ്ഥാ മാറ്റം എന്നത് നാളുകൾക്ക് മുൻപേ നമ്മൾ വെറുതെ പറഞ്ഞു കേട്ടിരുന്ന കാര്യമാണെങ്കിൽ ഇപ്പോഴത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന അവസ്ഥയാണുള്ളത്. മഴക്കുറവ് സ്വാഭാവികമായും വരൾച്ചയിലേക്ക് നയിക്കും. വരൾച്ച ജീവന്റെ ശേഷിപ്പ് തന്നെ ഇല്ലാതാക്കും. എന്നാൽ ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല.
കാട്ടുതീ, വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം, കടൽക്കെടുതികൾ ഇതെല്ലാം കഴിഞ്ഞ ഒരു മാസക്കാലത്തിനകത്ത് ലോകത്ത് സംഭവിച്ച കാര്യങ്ങളാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ആഘാതങ്ങൾ പരിസ്ഥിതിക്കൊപ്പം ഏറെ മനുഷ്യനാശവും വരുത്തിവെച്ചു. നിരവധി കെട്ടിടങ്ങൾ, വാഹനങ്ങൾ, വീടുകൾ, മൃഗങ്ങൾ എന്നിവയെല്ലാം ഈ ദുരന്തത്തിന് ഇരയായി. എന്നാൽ എല്ലാത്തിനും കാരണം മനുഷ്യർ മാത്രമാണ് എന്നത് വിചിത്രമാണ്.
87 ലക്ഷം ജീവജാലങ്ങൾ ഭൂമിയിൽ ഉണ്ടെന്നാണ് കണക്ക്. ഇവ കണ്ടെത്തിയത് മാത്രമാണെങ്കിൽ കൂടി ഈ 87 ലക്ഷം ജീവജാലങ്ങളുടെയും നാശത്തിന് ആകെ കാരണക്കാർ ഒരേയൊരു മനുഷ്യർ മാത്രമാണ്. ജന്തുക്കളും പക്ഷികളും ഉരഗങ്ങളും സൂക്ഷ്മവർഗങ്ങളും സസ്യലതാദികളും ഷഡ്പദങ്ങളുമുൾപ്പെടെയുള്ള മുഴുവൻ വർഗത്തിന്റെയും നാശത്തിന് നാം കാരണക്കാർ ആകുന്നു. 195 രാജ്യങ്ങളിലെ കാലാവസ്ഥ പ്രവണതകൾ സൂക്ഷ്മമായി വിശകലനം ചെയ്ത്, 14,000ത്തിലേറെ റിപ്പോർട്ടുകൾ അപഗ്രഥിച്ച് 234 ശാസ്ത്രജ്ഞർ ചേർന്ന് തയാറാക്കിയ റിപ്പോർട്ട് ഇക്കാര്യങ്ങൾ കുറേക്കൂടി വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ഇൻറർഗവൺമെൻറൽ പാനൽ (ഐപിസിസി) പുറത്തുവിട്ട ഈ റിപ്പോർട്ട് മാനവ രാശിക്കുള്ള കനത്ത താക്കീത് ആണെന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്ത യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞത്. ഇത് കേവലം ഒരു താക്കീത് അല്ല എന്ന് മലയാളികൾക്ക് നല്ല ബോധ്യം ഇപ്പോഴുണ്ട്. 2018 ലെയും 2019 ലെയും പ്രളയം അത് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഉരുൾപൊട്ടലും കനത്ത മഴയും പ്രളയവും ഒരു വശത്ത് നമ്മൾ അനുഭവിച്ചപ്പോൾ തന്നെയാണ് ഇക്കുറി മഴയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്.
ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടത് 1363 മില്ലിമീറ്റർ മഴയാണ്. എന്നാൽ 985.9 മില്ലിമീറ്റർ മഴ മാത്രമാണ് ഇക്കാലത്ത് പെയ്തത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കാലവർഷത്തിന്റെ ദൈർഘ്യം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണിലും ജൂലൈയിലും ശരാശരിയേക്കാൾ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ 36 ശതമാനം കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 643 മില്ലിമീറ്റർ സ്ഥാനത്ത് ലഭിച്ചത് 408.4 മില്ലിമീറ്റർ. ജൂലൈയിൽ സാധാരണയായി 726.1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടതെന്നിരിക്കെ ഇതുവരെ പെയ്തത് 575.5 മില്ലിമീറ്റർ -20 ശതമാനത്തിന്റെ കുറവ്.
എല്ലാ ജില്ലകളിലും ശരാശരിയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. കാലവർഷത്തിൽ കുറവ് മഴ ലഭിച്ചത് പാലക്കാടാണ്. ശരാശരി 1022.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജില്ലയിൽ ഇതുവരെ ലഭിച്ചത് 633.5 മില്ലിമീറ്റർ ആണ്, -38 ശതമാനത്തിന്റെ കുറവ്. കൂടുതൽ മഴ ലഭിച്ച കാസർകോട് ജില്ലയിൽ (1415.1 മില്ലിമീറ്റർ) സാധാരണ ലഭിക്കേണ്ട (2040.6 മില്ലിമീറ്റർ) മഴയേക്കാൾ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ഐപിസിസി റിപ്പോർട്ട് പ്രകാരം ആഗോളതാപനത്തിലെ ശരാശരി വർധന സമീപഭാവിയിൽ ഒന്നര ഡിഗ്രി സെൽഷ്യസിന് മുകളിലേക്കു പോകുമെന്നും 2100ൽ ഇത് രണ്ടു ഡിഗ്രിക്കും മുകളിലാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആർട്ടിക് സമുദ്രവും ആൽപ്സ് മലനിരകളും ഹിമാലയവുമെല്ലാം ഉരുകിയൊലിച്ച് മറ്റൊരു രൂപംപ്രാപിക്കാൻ ഒരുക്കം തുടങ്ങിയിരിക്കുന്നു. ലോകത്തെ ഏറ്റവും ഉഷ്ണമേറിയ സമുദ്രമേഖലയായി കടലുകൾ മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇന്ത്യയിലുൾപ്പെടെ പതിനായിരക്കണക്കിന് ഹെക്ടർ വനമേഖലകളെയാണ് കാട്ടുതീ ചുട്ടുചാമ്പലാക്കിയത്.
കാലാവസ്ഥാ മാറ്റം ഒരു ആഗോള പ്രശ്‌നമാണ്. അത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. എന്നൊക്കെ വാദത്തിന് പറയാമെങ്കിലും ഇത് നമ്മളെയും കൂടുതലായി ബാധിക്കുന്നുണ്ട്. അറബിക്കടൽ കരയെ തിന്ന് തീർക്കുന്നത് നാം ഇപ്പോഴും കാര്യമായി ശ്രദ്ധിച്ചിട്ടില്ലാത്ത കാര്യമാണ്. ആലപ്പാട് പോലുള്ള ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ വല്ലപ്പോഴും ശ്രദ്ധയിൽ ഉണ്ടെങ്കിലും ബാക്കിയുള്ള സ്ഥലത്തെ സ്ഥിതി ആരും നോക്കാറില്ല. എന്നാൽ കരയുടെ കടലിലേക്കുള്ള അധിനിവേശം അത്ര ചെറിയ കാര്യമല്ല. കേരളത്തെ മാത്രമല്ല ഇന്ത്യൻ തീരങ്ങളിലെല്ലാം ഇക്കാഴ്ച കാണാം. ഹിമാലയത്തിലെ മഞ്ഞുരുക്കം സമുദ്രനിരപ്പ് വർധിക്കുന്നതിന് ആക്കംകൂട്ടും.
വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി മല തുരക്കൽ നടക്കുമ്പോൾ തന്നെയാണ് അതിവേഗപ്പാതയെ കുറിച്ച് നാം ആഘോഷിക്കുന്നത്. ഇത് തകർക്കുന്ന മലയുടെ എണ്ണം വളരെ വലുതാണ്. ഒരു സ്ഥലത്ത് നിന്ന് കടൽ കയറിയും ഒരു സ്ഥലത്ത് നിന്ന് ഉരുൾപൊട്ടലുകളും സംഭവിച്ചാൽ തീരാവുന്ന ഭൂമിയെ കേരളത്തിനൊള്ളൂ. ഇതിനോടൊപ്പം കനത്ത മഴയും വരൾച്ചയുമെല്ലാം കൂടിയാകുമ്പോൾ ഭാവി ദുഷ്കരമാകും. എന്നാൽ ഇന്ന് തന്നെ കരുതി തുടങ്ങിയാൽ എല്ലാം നന്നാക്കാനും മതി.