അത്തം വന്നെത്തി, മലയാളികള്‍ക്ക് ഇനി ഓണനാളുകള്‍. അത്തംമുതല്‍പത്താംനാള്‍ തിരുവോണംവരെ മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്ത് ഉണരും. ഇനിയുള്ള പത്ത് നാൾ മഹാമാരിക്കാലത്തെ തിരുവോണത്തിനായുള്ള കാത്തിരിപ്പ്. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്.
തിരുവോണദിവസം മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുന്നത്. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്.
തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുവദിച്ചു എന്നാണ് ഐതിഹ്യം.
മുറ്റത്ത് അത്തം ഇടാന്‍ സ്ഥലമൊരുക്കി അതിനുശേഷം ചാണകം മെഴുകിയിട്ടാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തം നാള്‍ മുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.
അത്തം നാളില്‍ നിന്ന് ചിത്തിരയിലേക്ക് എത്തുമ്പോള്‍ തന്നെ പൂക്കളം വലുതാകാന്‍ ആരംഭിക്കുകയായി. വീടും വൃത്തിയാക്കി, പറമ്പ് ചെത്തിയൊരുക്കി മാവേലി മന്നനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്.വിശാഖം നാളുമുതലാണ് നിറമുള്ള പൂക്കളിട്ട് പൂക്കളം ഒരുക്കാന്‍ തുടങ്ങുക. ഓരോദിനം കഴിയുംതോറും വലുതാകുന്ന പൂക്കളും ഉത്രാടം ദിനത്തിലാണ് ഏറ്റവും വലുതായി ഒരുക്കുക. പിന്നീട് തിരുവോണ ദിവസമാകുമ്പോഴേക്കും ഓണക്കോടിയണിഞ്ഞ് ഓണത്തപ്പനയെും പൂക്കളത്തിലേക്കൊരുക്കും.

















