തിരുവനന്തപുരം:കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.സി വിഷ്ണുനാഥ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്. 2019-20 കാലത്ത് അഞ്ഞൂറുകോടിയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒന്നും ചെലവാക്കിയില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശ്നകാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു. ചെളി നീക്കം ചെയ്യുന്നതടക്കമുള്ള നടപടി തുടങ്ങിയതായും ഒഴുക്ക് തടസപ്പെടുത്തുന്ന പാലം പുനർനിർമിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
മാധ്യമങ്ങൾ നിരന്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അനങ്ങുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കുട്ടനാട് കണ്ടിട്ടില്ലാത്ത ആളുകൾ ആണ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്. കുട്ടനാടിനെ തകർക്കുന്നതാണ് പുതിയ പദ്ധതികളെന്നും പ്രതിപക്ഷം ആരോപിച്ചു.

















