കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു . രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. സ്വർണക്കടത്തിന്‍റെ പ്രധാന സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നും അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയെ അറിയിച്ചു.
ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണം കടത്തുന്നവരെ തട്ടിക്കൊണ്ടുപോകുന്നതിൽ പങ്കാളിയാണ് അർജുൻ. വാഹനങ്ങള്‍ വാടകക്കെടുത്താണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.

















