തിരുവനന്തപുരം: പി.ജി. വിദ്യാര്‍ത്ഥികളുടെ സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ധനകാര്യ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതില്‍ തീരുമാനമെടുക്കുന്നതാണ്. ഹൗസ് സര്‍ജന്‍മാരുടെ റിസള്‍ട്ട് എത്രയും വേഗം പുറത്ത് വരാനും ശ്രമിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ പിജി. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജോലിഭാരം കൂടുന്നുവെന്ന പരാതി പരിഹരിക്കുന്നതിന് പിജി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിലുള്ള പദ്ധതി തയ്യാറാക്കും. മെഡിക്കല്‍ കോളേജുകളുടെ അധികഭാരം കുറയ്ക്കുന്നതിനായി ജില്ലാ, ജനറല്‍ ആശുപത്രികളെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറല്‍ ആശുപത്രികളിലുള്ള ഐ.സി.യു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ്. ഈ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഐ.സി.യു രോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

















