തിരുവനന്തപുരം: സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കണമന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മുസ്ലിംകളുടെ സാമ്പത്തിക, സാമൂഹിക, വിദ്യഭ്യാസ സ്ഥിതി പഠിക്കുന്നതിനായി 2005ല്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ആധികാരിക സമിതിയാണ് സച്ചാര്‍ കമ്മീഷന്‍. സച്ചാര്‍ കമ്മീഷന്റെ കണ്ടത്തലുകള്‍ പലതും ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതുമായിരുന്നു. 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി യു.പി.എ സര്‍ക്കാറിന്റെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങള്‍ ഏറിയും കുറഞ്ഞും സച്ചാര്‍ റിപ്പോര്‍ട്ട് അത്പോലെ നടപ്പാക്കിയപ്പോള്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ മറ്റൊരു കമ്മീഷനെ നിയമിച്ചാണ് ഇത് നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ അട്ടിമറിച്ചിരിക്കുകയാണ്. ഇത് മുസ്ലിം സമൂഹത്തോടുള്ള കൃത്യമായ നീതികേടാണ്. ഇത് അനുവദിക്കാന്‍ സാധ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നാക്ക- പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം: സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീകരിക്കുക, പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും കെ.എ.ടി.എഫ് മുന്നോട്ട് വെക്കുന്ന അധ്യാപക പ്രശ്നങ്ങളിൽ അനുഭാവ പൂർണമായ സമീപനം സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് എം.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി.
എച്ച്.എസ്.എസ് അറബിക്ക് പഠനത്തിന് മാത്രം 25 കുട്ടികൾ വേണമെന്ന വിവാദ ഉത്തരവ് പിൻവലിക്കുക, സച്ചാർ – പാലൊളി കമ്മിറ്റി റിപ്പോർട്ടുകൾ യഥാവിധി നടപ്പിലാക്കുക, സർവ്വീസിലുള്ള അധ്യാപകരെ കെ-ടെറ്റിൽ നിന്നും ഒഴിവാക്കുക, എൻ.ഇ.പി അറബി ഭാഷാ പഠനം ഉറപ്പാക്കുക, മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ നൽകുക, എയ്ഡഡ് പാർട്ട് ടൈം അധ്യാപകർക്കും പി.എഫ് അനുവദിക്കുക, അറബിക് സർവ്വകലാശാല സ്ഥാപിക്കുക, അഞ്ച് വർഷം പൂർത്തിയാക്കിയ മുഴുവൻ പാർട്ട് ടൈം അധ്യാപകർക്കും ഫുൾ ടൈം ബെനിഫിറ്റ് നൽകുക, പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുക, ഓൺലൈൻ ക്ലാസുകളുടെ പശ്ചാതലത്തിൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക,ഡയറ്റുകളിലെ അറബിക് ഉൾപ്പെടെയുള്ള ഫാക്കൽറ്റികളുടെ ഒഴിവുകൾ നികത്തുക, ഭാഷാ പoനത്തിന് ഏറെ കുട്ടികളുണ്ടായിട്ടും മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയം ( അൺ എക്കണോമിക് വിദ്യാലയം) എന്ന പേരിൽ വർഷങ്ങളായി അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം ഉടൻ അംഗികരിക്കുക, മലബാറിലെ പ്ലസ് വൺ സീറ്റ് കുറവ് പരിഹരിക്കാൻ ഉടൻ പുതിയ ബാച്ചുകളും തസ്തികകളും അനുവദിക്കുക, അഞ്ച് വർഷം പൂർത്തിയാക്കിയ മുഴുവൻ ജൂനിയർ അധ്യാപകരേയും സീനിയറാക്കുക, ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളുകളിലെ ഉപഭാഷ ഫിക്സേഷൻ പൂർത്തിയാക്കി പുതിയ തസ്തികകൾ അനുവദിക്കുക, ഹൈസ്കൂളിൽ പഠിച്ച ഭാഷ , അതേ സ്കൂളിലെ എച്ച്.എസ്.എസിലും പഠിക്കാൻ സൗകര്യം ഉണ്ടാക്കുക, വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് സ്റ്റാഫ് ഫിക്സേഷൻ നടത്തുക എന്നീ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു ധർണ്ണ.
ടി.പി.അബ്ദുൽ ഹഖ്, മാഹിൻ ബാഖവി, എം.എ.ലത്തീഫ്, എം.ടി. സൈനുൽ ആബിദീൻ, എം.എ.റഷീദ് , മൻസൂർ മാടമ്പാട്ട്, സി.എച്ച്. ഫാറൂഖ്, എം.എ. സാദിഖ്, നൂറുൽ അമീൻ പാലക്കാട് എന്നിവർ പ്രസംഗിച്ചു.

















