കോഴിക്കോട്: ചെപ്പടി വിദ്യകൾ കാണിച്ച് മുസ്‌ലിം സമൂഹത്തെ വരുതിയിലാക്കാമെന്നുള്ളത് സർക്കാരിന്റെ വ്യമാമോഹമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തയുടെ പേരിനൊപ്പം ‘മുഹറം’ എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം അംഗീകരിച്ച നടപടി സർക്കാരിന് വൈകി ഉദിച്ച വിവേകമാണെന്ന് പി.എം.എ.സലാം പറഞ്ഞു. .
മുസ്‌ലിം സമുദായത്തോട് ആത്മാർഥതയുണ്ടെങ്കിൽ സച്ചാർ സമിതി ശുപാർശകൾ വെള്ളം ചേർക്കാതെ നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സച്ചാർ റിപ്പോർട്ട് അട്ടിമറിക്കെതിരെ മുസ്‌ലിം സംഘടനകൾ നൽകിയ നിവേദനത്തോട് ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് സമുദായ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളിയുടെ ദേശീയ ഉത്സവമെന്ന നിലയിൽ ഓണത്തിന് മേളകളും ചന്തകളും ആഘോഷങ്ങളും വിവിധ സർക്കാരുകൾ നടത്തി വരുന്നതാണ്. ഇതിനൊപ്പം ‘മുഹറം’ മാസത്തെ ഉൾപെടുത്തുന്നതിലെ യുക്തിരാഹിത്യം ലീഗ് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















