കണ്ണൂര്‍: വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവര്‍ക്കെതിരെ കേസെടുത്തതില്‍ നിന്ന് തുടങ്ങിയതാണ് വിവാദം. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരാണ് അറസ്റിലായത്.
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇവരുടെ കേസ് ഓഗസ്റ്റ് 12ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒന്‍തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

















