കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു. മദ്യ വാങ്ങാൻ എത്തുന്നവർക്കും ആർടിപിസിആർ ടെസ്റ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വാക്സിനേഷൻ പരമാവധി ആളുകളിലേക്കെത്താൻ തീരുമാനം ഉപകരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി പറഞ്ഞു. ആർടിപിസിആർ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്സീന്‍ എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്സീൻ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സീന്‍ എടുക്കും. വിഷയത്തില്‍ സംസ്ഥാന സർക്കാർ നാളെ മറുപടി നൽകണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

















