കൊച്ചി: ഇ ബുൾജെറ്റ് സഹോദരന്മാരെ മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാവുകയാണ്.ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്നെ വിളിച്ച ഒരാളോട് സുരേഷ് ഗോപി പറഞ്ഞ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
പെരുമ്പാവൂരില്‍ നിന്നുള്ള കുറച്ചു പേരാണ് പ്രശ്നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്‌ഗോപിയെ വിളിച്ചത്. എന്താണ് വിഷയമെന്ന് സുരേഷ് ഗോപിയ്ക്ക് തുടക്കത്തില്‍ മനസ്സിലായില്ല. ഇ ബുള്‍ജെറ്റോ? എന്ന് സുരേഷ് ഗോപി ചോദിച്ചു. വണ്ടി മോഡിഫൈ ചെയ്തതിനാൽ ഇ-ബുൾ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്‌തെന്നും വിഷയത്തിൽ ഇടപെടണമെന്നുമാണ് വിളിച്ചവർ ആവശ്യപ്പെട്ടത്. ‘നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണ്’ എന്നാണ് നടൻ മറുപടി നൽകിയത്.സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്ന ചോദ്യത്തിന് ‘എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല. ഞാൻ ചാണകമല്ലേ. ചാണകം എന്നു കേട്ടാലേ ചിലർക്ക് അലർജിയല്ലേ’ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
സുരേഷ് ഗോപിക്ക് മാത്രമല്ല, നടനും എംഎൽഎയുമായ മുകേഷിനും മുൻ എംഎൽഎ പി സി ജോർജിനും സഹായം തേടി ഫോൺകോളുകൾ എത്തിയിട്ടുണ്ട്. റെക്കോർഡ് ചെയ്ത ഈ ഫോൺകോളുകളും ഇപ്പോൾ വൈറലാണ്.

















