കണ്ണൂര്‍: വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതതിനെ തുടര്‍ന്ന്‍ കണ്ണൂർ ആർടിഒ ഓഫീസിലെത്തി ബഹളംവച്ച വ്ളോഗർമാരായ ലിബിൻ, എബിൻ എന്നിവര്‍ റിമാൻഡിൽ. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.
ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെ കണ്ണൂർ എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം ഇന്നലെ തന്നെ യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്‍റെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ ആവശ്യപ്പെട്ടു.
പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ വെച്ച് സമൂഹമാധ്യമങ്ങളില്‍ വൈകാരികമായി ലൈവ് വീഡിയോ ചെയ്തു. തുടർന്ന് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. പിന്നാലെ കണ്ണൂർ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എൻഫോഴ്സ്മെന്‍റ് ആർടിഒ പ്രമോദ് കുമാറിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസിൽ കുടക്കിയെന്ന് വ്ലോഗർമർ കോടതിയില്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറൻസ് വഴി മുൻസിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.

















