മലപ്പുറം: കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വിവാദങ്ങൾ സിപിഐഎം സൃഷ്‌ടിച്ചതാണെന്നും മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സിപിഐഎം സൃഷ്ടിച്ചതാണ്. സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നത്. സമുദായത്തിന്റെ അവകാശങ്ങള്‍ക്കും അവശ വിഭാഗങ്ങളുടെ ഉയര്‍ച്ചക്കും വേണ്ടി ലീഗ് ഉറക്കെ സംസാരിച്ച് കൊണ്ടിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഹൈദരലി തങ്ങള്‍ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങളുടെ ആരോപണം. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടുകള്‍ കൊണ്ടാണെന്നും മുഈൻ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.
മുഈനലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാരസമിതി തള്ളിയിരുന്നു. രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവർ നിലപാടെടുക്കുയായിരുന്നു.

















