ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് ലോക്‌സഭ വെള്ളിയാഴ്ച പാസാക്കി. ഓരോ വര്‍ഷം 7000-ല്‍ പരം വിദ്യാര്‍ഥികള്‍ ലഡാക്കിനു പുറത്തുപോയാണ് പഠിക്കുന്നത്. കേന്ദ്രസര്‍വകലാശാല ലഡാക്കില്‍ സ്ഥാപിക്കുക വഴി 2500 വിദ്യാര്‍ഥികള്‍ക്ക് അവിടെത്തന്നെ പഠിക്കുന്നതിനു അവസരമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
സര്‍വകലാശാലയ്ക്ക് ‘സിന്ധു കേന്ദ്ര സര്‍വകലാശാല’ എന്നു പേരു നല്‍കും. 760 കോടി രൂപ ചെലവിട്ടാണ് കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുന്നത്.
ലഡാക്കില്‍ നിലവില്‍ കേന്ദ്ര സര്‍വകലാശാല ഇല്ലെന്നും അതില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ലഭ്യതയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു അവിടെ പുതിയ സര്‍വകലാശാല സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചതായും ബില്ലിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വിവരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും വഴികള്‍ സുഗമമാക്കാനും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
















