ഐ.ടി പ്രൊഫഷണൽസ്, എഡിറ്റർമാർ, കാൾ സെന്റർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, സർക്കാർ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങി രാവിലെ കസേരയിൽ കയറി ഇരുന്നാൽ മണിക്കൂറുകളോളം ഇരുന്ന് തൊഴിൽ എടുക്കുന്നവർ ജാഗ്രത. ഒരു ദിവസം ഒരു പായ്ക്കറ്റ് സിഗരറ്റ് വലിച്ചാൽ ഉണ്ടാകുന്ന അതേ കണക്കിൽ ദോഷം ഈ ഇരിപ്പുമൂലം നിങ്ങൾക്കും ഉണ്ടാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഒരു പാക്കറ്റ് സിഗരറ്റ് പോയി ഒരു പുക എടുക്കുന്നത് തന്നെ ആരോഗ്യത്തിന് ദോഷമാണെന്ന് കരുതുന്നവർ ആണ് മിക്കവാറും. എന്നാൽ അത്തരക്കാർ ഒരു പാക്കറ്റ് സിഗരറ്റിന്റെ ദോഷം മറ്റൊരു വഴിക്ക് വരുത്തിവെക്കുന്നുണ്ടെന്ന് ഓർക്കാറില്ല. അമിത രക്തസമ്മര്‍ദം, കുടവയര്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത്, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ അസുഖങ്ങൾക്ക് എല്ലാം ദീർഘനേരത്തെ ഇരിപ്പ് കാരണമാകും.
ഒരു ദിവസം എട്ട് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണവും പുകവലിയും ഉയര്‍ത്തുന്നതിന് സമാനമായ അപടകസാധ്യതകള്‍ ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എത്ര മാത്രം കുറച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നോ അത്രയും ആരോഗ്യകരമായ ജീവിതം സാധ്യമാണ്.
കോവിഡ് കാലമായതിനാൽ ഓഫീസുകളിൽ മാത്രമല്ല വീടുകളിലും മണിക്കൂറുകളോളം ഇരിക്കുന്നവർ ഉണ്ട്. ടി വി കണ്ടും, ഓൺലൈൻ ക്ലാസ്സിൽ ഇരുന്നും ഗെയിം കളിച്ചുമെല്ലാം മണിക്കൂറുകളോളം പലരും ഒരേ ഇരിപ്പാണ്. കുട്ടികളോട് പുകവലിക്കരുതെന്ന് പറയുന്ന രക്ഷിതാക്കൾ അവരുടെ ഈ ഇരിപ്പ് കാണാറില്ല. ഫലത്തിൽ അവർ അതിനേക്കാൾ ദോഷം തങ്ങളുടെ ശരീരത്തിന് വരുത്തിവെക്കുന്നു.
ദീര്‍ഘനേരം ഇരിക്കുന്നത് കാലുകളിലെയും നിതംബത്തിലെയും ഗ്ലൂട്ടിയല്‍ പേശികളെ ദുര്‍ബലപ്പെടുത്തും. ഈ പേശീകള്‍ ദുര്‍ബലമാകുന്നത് എളുപ്പം വീഴാനും പരുക്കേല്‍ക്കാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കും. അധികം ശരീരം അനങ്ങാതെ ഇരിക്കുന്നത് കൊഴുപ്പും പഞ്ചസാരയുമൊക്കെ ദഹിക്കാതിരിക്കാന്‍ കാരണമാകും. ഇത് ചയാപചയ, ദഹനപ്രശ്‌നങ്ങളുണ്ടാക്കും. ഇടുപ്പിനും സന്ധികള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാനും ദീര്‍ഘനേരത്തെ ഇരിപ്പ് വഴിവയ്ക്കും.
ശരിയായ വിധത്തിലല്ല ഇരിക്കുന്നതെങ്കില്‍ പുറം വേദന അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ശ്വാസകോശത്തിനും ഗര്‍ഭപാത്രത്തിനും വന്‍കുടലിനും അര്‍ബുദമുണ്ടാക്കാന്‍ ദീര്‍ഘനേരത്തെ ഇരിപ്പ് കാരണമാകുമെന്ന് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
ജോലി സംബന്ധമായി പലർക്കും ദീർഘ നേരം ഇരുന്നേ മതിയാകൂ എന്ന വാസ്തവം തള്ളിക്കളയാനാകില്ല. അപ്പോൾ പിന്നെ ഈ ദോഷം മാറ്റാൻ എന്ത് ചെയ്യും? എളുപ്പമാണ്. നിശ്ചിത ഇടവേളകളിൽ എഴുന്നേറ്റ് നിൽക്കുക, നടക്കുക, ചെറിയ രീതിയിൽ എക്സസൈസുകളും ആകാം. അത് കൂടുതൽ ഉന്മേഷവും ആരോഗ്യവും നൽകും.