ബർലിൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപെടുത്തിയ യാത്ര വിലക്ക് ജർമനി നീക്കി. ഇന്ത്യക്ക് പുറമേ യുകെ, നേപ്പാൾ, റഷ്യ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുള്ള വിലക്കാണ് മാറ്റിയത്.
ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും രാജ്യത്തേക്ക് കടക്കാനുള്ള തടസങ്ങൾ ഇതോടെ ഇല്ലാതെയാകും. എന്നാൽ ക്വാറന്റൈനും കോവിഡ് ടെസ്റ്റും അടക്കമുള്ള കാര്യങ്ങളിൽ യാതൊരു ഇളവും ജർമനി അനുവദിച്ചിട്ടില്ല.
കോവിഡിന്റെ വകഭേദങ്ങൾ മറ്റ് രാജ്യങ്ങളിൽ കണ്ടെത്തിയതോടെയാണ് ജർമനി വിലക്കേർപ്പെടുത്തിയത്. എന്നാൽ ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. അതിനാൽ മറ്റ് രാജ്യക്കാർക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെൻസ് സ്ഫാൻ വ്യക്തമാക്കിയിരുന്നു.