വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ. വൻകുടലിലെ രോഗത്തിനാണ് 84 കാരനായ പോപ്പിന് ശസ്ത്രക്രിയ നടത്തുന്നത്. റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടക്കുക. ഇവിടെയാണ് സ്ഥിരമായി മാർപാപ്പമാരെ ചികിത്സിക്കുന്നത്.
2013 ൽ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.
ഇന്ന് രാവിലെയും അദ്ദേഹം സെന്റ് പീറ്റേർസ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. സെപ്തംബറിൽ സ്ലോവാക്കിയയും ബുഡാപെസ്റ്റും സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചെറുപ്പത്തിൽ ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം അറുത്തുമാറ്റിയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ ഈ ശസ്ത്രക്രിയയെ തുടർന്ന് ഇദ്ദേഹത്തിന് ഇടയ്ക്ക് ശ്വാസതടസം അനുഭവപ്പെടാറുണ്ട്.