ന്യൂ ഡല്‍ഹി: കിറ്റെക്സ് വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാഥമിക അവലോകനം മാത്രമാണ് നടത്തിയതെന്നും വിശദമായ ചര്‍ച്ചകളിലേക്ക് കടക്കാനാരിക്കുന്നതേയുള്ളൂവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന മുന്‍ നിലപാടില്‍ സിപിഎം ഇപ്പോഴും ഉറച്ചു നില്ക്കുന്നു. റഫാല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും യെച്ചൂരി പറഞ്ഞു. നിലവില്‍ പുറത്തുവന്ന തെളിവുകള്‍ മുന്‍ ആരോപണങ്ങളെ ശരി വയ്ക്കുന്നതാണ്. ഓഡിനന്‍സ് ഫാക്ടറികളില്‍ സമരം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും ഇന്ധന വില വര്‍ധനവില്‍ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരെ തുടരുമെന്നും യെച്ചൂരി അറിയിച്ചു.