ന്യൂഡൽഹി: അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയതിന് ശിക്ഷിക്കപ്പെട്ട ഹരിയാന മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല (86) ജയിൽ മോചിതനായി. 10 വർഷത്തിന് ശേഷമാണ് മോചനം. പരോളിലായിരുന്ന ചൗതാല നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തിഹാർ ജയിലിലെത്തിയിരുന്നു.
കോവിഡിന്റെ സാഹചര്യത്തിൽ ജയിൽ തിങ്ങിനിറയുന്നത് ഒഴിവാക്കാനായി 10 വർഷം ശിക്ഷിക്കപ്പെട്ട തടവുകാർ ഒമ്പതര വർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അവരെ വിട്ടയക്കാൻ ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ചൗതാല ഒമ്പതു വർഷവും ഒമ്പതു മാസവും ശിക്ഷ അനുഭവിച്ചിരുന്നു.
കോവിഡ് പടരുന്നതിനാൽ 2020 മാർച്ച് 26ന് ഓംപ്രകാശ് ചൗതാലക്ക് അടിയന്തിര പരോൾ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ജയിലിൽ മടങ്ങാനിരിക്കെ ഹൈകോടതി പരോൾ നീട്ടി നൽകി.
2013ലാണ് 3206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസിൽ ഓംപ്രകാശ് ചൗതാല, മകൻ അജയ് ചൗതാല, ഐ.എ.എസ് ഉദ്യേഗസ്ഥൻ ഉൾപ്പെടെ 53 പേരെ സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്.