കോവിഡിന്റെ ഡെൽറ്റാ വകഭേദം (B16172) വ്യാപകമായി പടരുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലാണ് ആദ്യമായി ഇത് തിരിച്ചറിഞ്ഞത്. ലോകത്ത് അതിവേഗം പടരുന്ന ഡെൽറ്റാ വകഭേദത്തിൽ നിന്നു സംരക്ഷണമേകാൻ വാക്‌സിനേഷൻ അപര്യാപ്‌തമാണെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന.
‘രണ്ട് ഡോസ് വാക്‌സീൻ എടുത്തത് കൊണ്ട് ആളുകൾ സുരക്ഷിതർ ആണെന്നു കരുതേണ്ട. തുടർന്നും തങ്ങളെത്തന്നെ അവർ സംരക്ഷിക്കേണ്ടതുണ്ട്. തുടർച്ചയായി മാസ്‌ക് ഉപയോഗിക്കണം, വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ കഴിയണം, കൈകൾ വൃത്തിയോടെ വയ്ക്കണം, സാമൂഹിക അകലം പാലിക്കണം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. ഇതെല്ലാം എല്ലാവരും തുടർന്നു പോണം. വാക്‌സീൻ എടുത്തയാളാണെങ്കിൽ പോലും ഇതെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചു സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തിൽ’. WHO യുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ മാരിയാഞ്ജല സിമാവോ പറഞ്ഞു.
ആശങ്കയുണ്ടാക്കുന്ന വകഭേദമായി പ്രഖ്യാപിച്ച ഡെൽറ്റാ വകഭേദം ഇതുവരെ 92 രാജ്യങ്ങളിൽ വ്യാപിച്ചതായി WHO യുടെ സാങ്കേതിക വിഭാഗം തലവനായ മരിയ വാൻ കെർക്കോവ് പറഞ്ഞു. യുറോപ്പിലാകെ വ്യാപിച്ച ആൽഫാ വകഭേദത്തെക്കാൾ വ്യാപന ശേഷി കൂടിയതാണ് ഡെൽറ്റാ വകഭേദം എന്നും അവർ കൂട്ടിച്ചേർത്തു.
വ്യാപനശേഷി ഏറ്റവും കൂടിയതാണ് കോവിഡിന്റെ ഡെൽറ്റാ വകഭേദം എന്നും വാക്‌സീൻ എടുക്കാത്ത ജനങ്ങൾക്കിടയിൽ അത് വളരെവേഗം വ്യാപിക്കുകയാണെന്നും WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഘെബ്രീസിസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരിക്കൽ കോവിഡ് വന്നവർക്കും, പ്രതിരോധശേഷി ഉള്ളവർക്കും പോലും ഡെൽറ്റാ വകഭേദം വരാം എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടു. കൊറോണ വൈറസിന്റെ ഈ വകഭേദത്തിന് പ്രത്യേകതരം ജനിതകമാറ്റം സംഭവിക്കുന്നതാണെന്നും ഇത് ഈ വകഭേദം വ്യാപന ശേഷി കൂടിയതാണെന്നും മനുഷ്യരിലെ വൈറൽ ലോഡ് വർധിപ്പിക്കുന്നതും കൂട്ടമായി രോഗം പരത്തുന്നതും ആണെന്നും ഗവേഷകർ പറയുന്നു. രണ്ട് വ്യത്യസ്‌തയിനം വൈറസ് വകഭേദങ്ങളായ E4842, L452R എന്നിവയിൽ നിന്നുള്ള മ്യൂട്ടേഷൻ B.1617 ൽ ഉണ്ടെന്നും പഠനം പറയുന്നു.
ഇതുവരെ കണ്ടെത്തിയതിൽ വ്യാപനശേഷി ഏറ്റവും കൂടിയതാണ് ഡെൽറ്റാ വേരിയന്റ് എന്നും കഴിഞ്ഞ രോഗബാധകളിൽ നിന്നും, വാക്‌സിനേഷനിൽ നിന്നും ഉള്ള സംരക്ഷണത്തെ ഇത് ദുർബലമാക്കുമെന്നും ഗവേഷകന്മാരിൽ ഒരാളായ ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.
















