ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് അംഗീകരിക്കുന്നു. പക്ഷേ, ദുഷ്‌കരമായ സമയത്ത് ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്തണം. കോവിഡ് വാക്‌സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്ധനവില കൂട്ടിയിട്ടുണ്ട്. ഇതില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് ഇന്ധനവിലയില്‍ ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
.
രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചില്ലെങ്കിലും പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 96.12 രൂപയും ഡീസലിന് 86.98 രൂപയുമാണ് വില. മുംബൈയില്‍ 102.30 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 94.39 രൂപയുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില നൂറുകടന്നിരുന്നു. മുംബൈയില്‍ മേയ് 29നാണ് പെട്രോള്‍ വില നൂറുതൊട്ടത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ കാലത്ത് പെട്രോള്‍ ലിറ്ററിന് എക്സൈസ് നികുതി 9.48 രൂപയും ഡീസല്‍ ലിറ്ററിന് 3.56 രൂപയായിരുന്നു. എന്നാല്‍ ഇന്ന് പെട്രോളിന് 32.90 രൂപയും 31.80 രൂപയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ധനവില കൂടിയിരുന്നില്ല.
















