പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബിനെ പിടികൂടിയതോടെ ഒന്നുറപ്പായി, ഏതു ക്രിമിനലിനും പിന്നാലെ കേരളാ പോലീസുണ്ടെന്ന്. അതാണ് കേരളാ പോലീസ്. വളരെ സാഹസികമായാണ് മുജീബിനെ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് തന്നെയാണ് മൊബൈലില്‍ ഷൂട്ട് ചെയ്തത്. പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകിയെ എത്ര സാഹസികമായാണ് പിടികൂടുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാനായി. സ്ഥാനത്തും അസ്ഥാനത്തും പോലീസിനെ പുലഭ്യം പറയുന്നവര്‍ ഇതുകൂടി കാണണം. കുപ്പിച്ചില്ലു കൊണ്ടുള്ള ആക്രമണത്തില്‍ മുറിവു പറ്റിയിട്ടും, പ്രതി രക്ഷപ്പെടാതിരിക്കാനാണ് പോലീസുകാര്‍ ശ്രമിച്ചത്.
കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നാണ് മുജീബ് റഹ്‌മാനെ ഇന്നലെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം മുജീബിന്റെ വീടു പൂര്‍ണ്ണമായും വളഞ്ഞശേഷം മുജീബിനെ പല തവണ പുറത്തേക്കു വരാന്‍ വിളിച്ചു. എന്നാല്‍ പ്രതികരണമുണ്ടായില്ല. മുറിക്കകത്തായിരുന്ന മുജീബ് വാതില്‍ പൂട്ടിയിരുന്നു. ‘ചുറ്റിലും ഞങ്ങളുണ്ടെന്നും ഓട് പൊളിച്ച് കടക്കാന്‍ ശ്രമിക്കണ്ട’ എന്നും പൊലീസ് വിളിച്ചു പറയുന്നുണ്ട്. ഇതം പോലീസുകാര്‍ തന്നെ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. പല ആവര്‍ത്തി വാതില്‍ തുറക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
‘ഒരു പാര എടുക്ക്’ എന്നുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പറയുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം. ‘വാതില്‍ പൊളിക്കരുത് സാറേ, പ്ലീസ്’ എന്ന് വീട്ടിലുള്ള സ്ത്രീയും പറയുന്നു. ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ തന്നെ പൊലീസ് തീരുമാനിച്ചു. അങ്ങനെ വതാല്‍ ചവിട്ടിപ്പൊളിച്ച് മുറിക്കകത്ത് പോലീസുകാര്‍ കടന്നതോടെ ഇരുട്ടിന്റെ മറവില്‍ നിന്നും മുജീബ് ചാടി വീഴുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന പൊട്ടിയ ജനാലച്ചില്ലുകൊണ്ട് ഒരു പോലീസുകാരനെ കുത്തി മുറിവേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ചുറ്റിനും ഇരുട്ടും പെട്ടെന്നുള്ള ആക്രമണവും പോലീസുകാരെ പരിഭ്രാന്തരാക്കിയെങ്കിലും കൊടും കുറ്റവാളിയെ കൂടെയുള്ള പോലീസുകാര്‍ തിരിച്ച് ആക്രമിക്കുകയായിരുന്നു.
മുജീബിനെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്താനായത്. നല്ല ശരീരവും, ആരോഗ്യവുമുള്ള മുജീബ് കുറച്ചു നേരം പോലീസുകാരുമായി മല്‍പ്പിടുത്തം നടത്തിയെങ്കിലും പോലീസിന്റെ കത്രികപ്പൂട്ടില്‍ മുജീബ് പൂച്ചയെപ്പോലെ പതുങ്ങി. മല്‍പ്പിടുത്തത്തില്‍ തളര്‍ന്നുപോയെങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാത്തവനെപ്പോലെ മുജീബ് അപ്പോഴും കിതയ്ക്കുന്നുണ്ടായിരുന്നു. കൈയ്ക്കു മുറിവേറ്റ പോലീസുകാരനെ ആശുപത്രിയിലേക്ക് അപ്പോള്‍ത്തന്നെ കൊണ്ടു പോയി. പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതിയായ മുജീബിനെ പൊലീസ് അന്വേഷിച്ചിറങ്ങിയത്. ഈ മാസം 11ന് രാവിലെ ഒന്‍പതിന് ഇരിങ്ങണ്ണൂരിലെ വീട്ടില്‍ നിന്നെത്തുന്ന ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടില്‍നിന്നു നടന്നു പോവുകയായിരുന്ന അനുവിനെ വാളൂര്‍ നടുക്കണ്ടിപ്പാറയില്‍ വച്ചാണ് പ്രതി കണ്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.
കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കൃത്യം നടത്താനെത്തിയത്. ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.
പ്രതിയുടെ ബൈക്ക് മലപ്പുറം വാഴക്കാട് നിന്ന് പൊലീസ് കണ്ടെത്തി. അനു ധരിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടില്‍ മുങ്ങിമരിച്ചതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് യാത്രക്കാരന്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കൊലപാതകത്തിനുശേഷം ഒന്നും സംഭവിക്കാത്തപോലെയാണ് മുജീബ് വീട്ടിലെത്തിയത്. അനു ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് മുജീബിനെ തിരിച്ചറിയാന്‍ പൊലീസിനു സഹായകമായത്. ഞായറാഴ്ച രാത്രിയാണ് മലപ്പുറം പൊലീസിന്റെ സഹായത്തോടെ പേരാമ്പ്ര പൊലീസ് കൊണ്ടോട്ടിയിലെ മുജീബിന്റെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ടയുടന്‍ മുജീബ് മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. തുടര്‍ന്നാണ് മുജീബിനെ കീഴ്‌പ്പെടുത്താനുള്ള പോലീസിന്റെ നീക്കങ്ങള്‍ നടന്നത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകള്‍ നിലവിലുണ്ട്. മുക്കത്തു മോഷണത്തിനിടയില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും മുജീബ് പ്രതിയാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനുശേഷം ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കണ്ണൂര്‍ മട്ടന്നൂരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്‌മാന്‍ ഇവിടെ എത്തിയത്. ‘വാഹനം ലഭിക്കാന്‍ പ്രയാസമുള്ള സ്ഥലമാണിവിടമെന്നും, അത്യാവശ്യമാണെങ്കില്‍ തൊട്ടടുത്ത സ്ഥലത്ത് വിടാം’ എന്നു പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഹെല്‍മറ്റും കോട്ടും ധരിച്ചിരുന്നു. ആദ്യം കയറാന്‍ മടിച്ച യുവതി പിന്നീട് സമീപവാസികള്‍ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കില്‍ കയറിയതെന്ന് പൊലീസ് കരുതുന്നു. തുടര്‍ന്ന് സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോള്‍ ഇയാള്‍ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തില്‍ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി ആഭരണം മോഷ്ടിക്കുകയുമായിരുന്നു.
മോഷ്ടിച്ച അഞ്ചര പവന്‍ ആഭരണവും ബൈക്കും പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച ആഭരണം വില്‍ക്കാന്‍ കൂട്ടു നിന്ന കൊണ്ടോട്ടി ചുണ്ടക്കാട് സ്വദേശിയേയും കണ്ടെത്തിയതായി ഡി.വൈ.എസ്.പി കെ.എം. ബിജു പറയുന്നു. കേസ് അന്വേഷിക്കുന്നതിന് കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാരന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മൂന്ന് സംഘമായി അന്വേഷണം നടത്തുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജനെ സ്ഥലത്തു കൊണ്ടുവന്ന് പരിശോധിപ്പിച്ച് യുവതിയുടെ ദേഹത്തെ പരുക്കുകളിലെ അസ്വാഭാവികത കണ്ടെത്തി.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സ്ഥലത്ത് ഒരാള്‍ അസ്വാഭാവികമായി ചുവന്ന ബൈക്കില്‍ പോകുന്നത് കണ്ടു. തുടര്‍ന്ന് സമീപ ജില്ലകളിലെ ഉള്‍പ്പെടെ 100 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് ഏതാണെന്ന് കണ്ടത്തി. മട്ടന്നൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ബൈക്കാണെന്നും ഈ ബൈക്ക് മോഷണം പോയതാണന്നും കണ്ടെത്തി. തുടര്‍ന്ന് വാഹനം മോഷ്ടിച്ച് പിടിച്ചുപറി നടത്തുന്ന സംഘത്തെക്കുറിച്ചായി അന്വേഷണം. അടുത്തകാലത്ത് മോഷണം നടത്തിയവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മുജീബിനെയും സംശയിച്ചത്. േപരാമ്പ്ര ഡിവൈഎസ്പി ബിജു നേരത്തെ മലപ്പുറത്തുണ്ടായിരുന്ന സമയത്ത് മോഷണക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നത് അന്വേഷണത്തിന് സഹായകമായി. സംശയത്തിന്റെ പുറത്താണ് ഇയാളെ പൊലീസ് വിളിപ്പിച്ചത്. എന്നാല്‍ ചോദ്യം ചെയ്യാന്‍ എത്താതിരുന്നതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.