ന്യൂ ഡല്‍ഹി: മമത ബാനര്‍ജിയുടേത് കാര്‍ക്കശ്യവും അഹങ്കാരവും നിറഞ്ഞ പെരുമാറ്റമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് മമതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രം രംഗത്തെത്തിയത്. യാസ് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അവലോകനയോഗം വിളിച്ചു ചേര്‍ത്തത്.
അതേസമയം, വിമാനത്താവളത്തില്‍ വെച്ച് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്. താങ്കള്‍ക്ക് എന്നെ കാണണമെന്ന് അറിയിച്ചത് കൊണ്ടാണ് വ്ന്നത്. സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് താങ്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ഞാനും ചീഫ് സെക്രട്ടറിയും ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിന് പോകാനുള്ള അനുമതി നല്‍കണം’, എന്ന് മമത പ്രധാനമന്ത്രിയെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.അതിനിടെ, പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും എന്നാല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മമത ബാനര്‍ജിയുടെ ഓഫീസ് ആരോപിക്കുന്നു.
എന്നാല്‍ പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും മമതയ്ക്കുവേണ്ടി അര മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്. പ്രകൃതി ദുരന്ത സമയത്തുപോലും മമതയുടെ പ്രതികരണം പരിതാപകരവും നിലവാരം കുറഞ്ഞ രാഷട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
















