ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങുമായി ടാറ്റ സ്റ്റീൽ. സാമൂഹ്യ സുരക്ഷ പദ്ധതിപ്രകാരം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിക്കുകയാണെങ്കിൽ കുടുംബത്തിന് തുടർന്നും കമ്പനി ശമ്പളം നൽകും.
ജീവനക്കാരൻ അവസാനം വാങ്ങിയ ശമ്പളം,ജീവനക്കാരൻ വിരമിക്കുന്ന കാലയളവ് വരെ കുടുംബത്തിന് നൽകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിനം ശരാശരി നാലായിരത്തോളം മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്ത ടാറ്റ സ്റ്റീലിന്റെ പ്രഖ്യാപനം. കോവിഡ് ബാധിച്ചു മരിക്കുകയാണെങ്കിൽ 60 വയസ്സ് വരെ കുടുംബത്തിന് ശമ്പളവും മെഡിക്കൽ ആനുകൂല്യവും ഭവന പദ്ധതിയും നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
















