തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും രണ്ടു ദിവസം കൂടി തുടരും. അതതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ (ഭാവ്നഗര്‍ ജില്ല ) തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ നിഗമനം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയ്ക്കു ശേഷം വടക്കന്‍ കേരളത്തില്‍ മഴ കുറയുമെങ്കിലും തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ മഴക്കെടുതികൾ തുടരുന്നു. വടകരയിൽ നാലു കിലോമീറ്റർ കടൽഭിത്തിക്ക് കേടുപറ്റി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി രണ്ടായിരത്തോളംപേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ ഇന്നും കനത്ത മഴ തുടർന്നു. പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടായി. നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.
കനത്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ കൃഷിനാശവുമുണ്ടായി. വയനാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കൃഷിനാശം. വയനാട് ജില്ലയില്‍ മാത്രം 13 കോടിയില്‍ അധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്ക്.
ലക്ഷദ്വീപിലും മഴക്കും കാറ്റിനും ശമനമുണ്ട്. ഭൂതത്താൻ കെട്ട് അണക്കെട്ടിന്‍റെ ഏഴു ഷട്ടറുകൾ തുറന്നു വിട്ടിരിക്കുകയാണ്. കോട്ടയത്ത് മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞു. നിലവിൽ 8 ക്യാമ്പുകളിലായി 151 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
















