ചെന്നൈ: കൊച്ചിയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി എട്ട് പേരെ കാണാതായി. കോസ്റ്റ് ഗാര്‍ഡ് ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. തമിഴ്നാട്, ഒഡീസ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം.
ഈ മാസം ഒന്നാം തീയതി കൊച്ചി വൈപ്പിനില്‍ നിന്നും യാത്ര തിരിച്ച മുരുഗന്‍ തുണൈ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപിന് വടക്ക് പടിഞ്ഞാറിന് സമീപമുള്ള തീരത്താണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ട് അപകടത്തില്‍പ്പെടുന്നത് മറ്റ് രണ്ട് ബോട്ടുകളിലെ ജീവനക്കാര്‍ കണ്ടതോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം, ലക്ഷദ്വീപില്‍ കടല്‍ക്ഷോഭവും ചാറ്റല്‍ മഴയും തുടരുകയാണ്.
















