ന്യൂഡല്‍ഹി: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വിവിധ ജില്ലകളില്‍ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തിയത് 2000ന് മുകളിലുള്ള മൃതദേഹങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതില്‍ ഭൂരിഭാഗം മൃതദേഹങ്ങളും കോവിഡ് ബാധിച്ച് മരിച്ചവരുടെതാണ്. സംസ്‌കരിക്കാന്‍ വേറെ വഴിയില്ലാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, മൃതദേഹങ്ങള്‍ നദിയില്‍ ഇപ്പോഴും ഒഴുക്കുന്നുണ്ടോയെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് യുപി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍, ഗാസിപ്പൂര്‍,ഉന്നാവോ ജില്ലകളിലാണ് കൂടുതലും മൃതദേഹങ്ങള്‍ ഒഴുക്കിയിരിക്കുന്നത്. മൃതദേഹങ്ങള്‍ ഒഴുക്കുന്നത് തടയാനായി പൊലീസ് നദിയില്‍ പെട്രോളിങ് നടത്തുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ വന്നതെന്ന് നേരത്തെ ബിഹാര്‍ ഭരണകൂടം ആരോപിച്ചിരുന്നു. അതേസമയം, ഗംംഗാ നദിക്കരയില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒഴുകിപ്പോവുകയായിരുന്നുവെന്ന് ഘാട്ടിലെ ജീവനക്കാരന്‍ പറഞ്ഞു. കാന്‍പൂരിലെ ഘാട്ടില്‍ സംസ്‌കരിച്ചത് 400 മൃതദേഹങ്ങളാണ്. പല മൃതദേഹങ്ങളും നായ്ക്കളും പക്ഷികളും കടിച്ചു കീറുന്ന അവസ്ഥയിലാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പൊലീസെത്തി ഇതില്‍ മണ്ണിട്ടു മൂടി.
















