തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അലര്‍ട്ടില്‍ മാറ്റം വരുത്തി. സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതേസമയം, തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ കണ്ണൂര്‍ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ വീണ്ടും ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങും. വടക്കന്‍ ജില്ലകളിലും വരുന്ന മണിക്കൂറില്‍ കാറ്റും മഴയും ശക്തിപ്പെടുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്ത് ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുകയാണ്. ചാവക്കാടും കൊടുങ്ങല്ലൂരും ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം വലിയതുറ കടല്‍ പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അടച്ച് പൂട്ടി. എറണാകുളം പളളുരുത്തിയില്‍ 24 മണിക്കൂറിനിടെ 208 മില്ലിമീറ്റര്‍ അതിതീവ്ര മഴയാണ് പെയ്തത്.
അതേസമയം, മണിമല, അച്ചന്‍കോവിലാര്‍ നദികളിലെ ജലനിരക്ക് കുത്തനെ ഉയരുകയാണ്. വയനാട്ടിലെ മാനന്തവാടി, ബത്തേരി, പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കുകളില്‍ കനത്ത കാറ്റില്‍ കൃഷി നാശമുണ്ടായി. കോട്ടയത്തും കനത്ത മഴ വലിയ നാശനഷ്ടം ഉണ്ടാക്കി. പാലാ കരൂര്‍ മേഖലയില്‍ കൊടുംകാറ്റില്‍ വ്യാപകനാശം സംഭവിച്ചു.നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി വീടുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.















