ന്യൂഡൽഹി:രാജ്യത്ത് കോവിഡ് തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്ന് വിലയിരുത്തലുമായി നീതി ആയോഗ്. സ്ഥിതി നിയന്ത്രണത്തിലാകണമെങ്കിൽ ഇനിയും ആഴ്ചകൾ എടുക്കും. രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും മരണനിരക്ക് കുറയാത്തത് ആശങ്ക പരത്തുന്നുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ മാസത്തിൽ കേസ് ഫാറ്റാലിറ്റി നിരക്ക് 0.7 ശതമാനമായിരുന്നുവെങ്കിൽ ഇത് മെയ് ആയപ്പോൾ ആകെ കേസുകളുടെ 1.1 ശതമാനമായി മരണനിരക്ക് ഉയർന്നു.
മഹാരാഷ്ട്രയിലും ഡൽഹിയിലും കോവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിലെയും കര്ണാടകയിലെയും കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. പോസിവിറ്റി നിരക്ക് കുറയാതെ പ്രാദേശിക നിയന്ത്രണങ്ങൾ പിൻ വിളിക്കരുതെന്ന് നിർദേശമുണ്ട്.
ഡിസംബറോടെ പരാമാവധി ആളുകൾക്ക് വാക്‌സിൻ നൽകി തീർക്കണമെന്നും നീതി ആയോഗ് മുന്നറിയിപ്പിൽ പറയുന്നു. ആദ്യ തരംഗത്തിൽ കേസുകൾ 98,000 വരെ ഉയർന്നു. ഇത് 10 ,000 ത്തിൽ എത്തിക്കാൻ അഞ്ചു മാസം വേണ്ടി വന്നു.ഇപ്പോൾ മൂന്നരലക്ഷം കേസുകൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നു. ഇത് കുറയാൻ ആറു മാസമെങ്കിലും വേണ്ടി വരുമെന്നും നിഗമനം.
















