തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു തീവ്രന്യൂനമർദ്ദമായി മാറിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ച് ഓറഞ്ച് അലേർട്ട് ആക്കിയിരുന്നു.
അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു തീവ്രന്യൂനമർദ്ദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ചുഴലിക്കാറ്റുമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. എന്നാൽ ന്യൂനമർദ്ദത്തിന്റെ പാതയിൽ കേരളമില്ല.
പക്ഷെ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പഥം കേരളത്തോട് അടുത്ത നിൽക്കുന്നതിനാൽ മെയ് 14 മുതൽ 16 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് വിലക്കുണ്ട്.















