തിരുവനന്തപുരം; തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട് ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത നിർദേശം. വടക്കൻ കേരളത്തിലെയും തെക്കൻ കർണാടകത്തിലെയും തീരത്തോട് ചേർന്ന് ടൗട്ടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ കേരളത്തിൽ നാളെ റെഡ് അലേർട്ട്പ്രഖ്യാപിച്ചു.മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് ജാഗ്രത നിർദേശം. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ പരക്കെ മഴ പെയ്യുകയാണ്.
തെക്കൻ കേരളത്തിൽ ഇന്നലെ തുടങ്ങിയ മഴ ഇതുവരെ കുറഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് കരമനയാർ കരകവിഞ്ഞു ഒഴുകുകയാണ്. തീരപ്രദേശത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്ത് ഇന്ന് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ച് യെല്ലോ അലേർട്ടാക്കി.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടും പിൻവലിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പുതിയതായി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട് ന്യൂനമർദ്ദം ഇന്ന് ശക്തമാകും.















