തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്.
ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്.
ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയോടെയാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും.
അതേസമയം, മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളിൽ വൻ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളിൽ വെളളം കയറി. കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.
തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. വീടുകളില്‍ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. കടലാക്രമണത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
















