തിരുവനന്തപുരം: കേരളത്തിനുള്ള ഓക്‌സിജന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 223 മെട്രിക് ടണ്ണില്‍ നിന്നും 358 മെട്രിക് ടണ്ണായാണ് വര്‍ധിപ്പിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തിയത്. വർദ്ധിപ്പിച്ച വിഹിതം ശനിയാഴ്ച മുതൽ ലഭ്യമാവും.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മെയ് 14, 15 തീയതികളിൽ സംസ്ഥാനത്ത് ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്‌സിജന്‍ വിഹിതം 135 മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
സംസ്ഥാനത്ത് ദിനംപ്രതി 212.34 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് നിലവിൽ ഉള്ളത്. കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരുമെന്നാണ് വിദഗ്ദർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ആശുപത്രികളിലെ ഓക്‌സിജൻ 24 മണിക്കൂർ നേരത്തേക്ക് തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
















