ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ ഇന്ത്യക്ക് വീഴ്ച പറ്റിയതിനെതിരെയുള്ള രാജ്യാന്തര വിമര്‍ശനങ്ങളെ നേരിടാനൊരുങ്ങി ബിജെപിയും ആർഎസ്എസും. കോവിഡിനെ തടുക്കുന്നതിനേക്കാൾ പ്രധാന്യത്തോടെയാണ് വിമർശനങ്ങളെ തടുക്കാൻ ഉള്ള ഒരുക്കങ്ങൾ. നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ കാരണമെന്ന് വിവിധ മേഖലകളിൽനിന്ന് വിമർശനമുയരുന്നുണ്ട്.
മൂന്നു ഘട്ടമായുള്ള തന്ത്രങ്ങളാണ് ബിജെപിയും കേന്ദ്ര സർക്കാരും ആർഎസ്എസും ചേർന്നു പദ്ധതിയിടുന്നത്. കഴിഞ്ഞയാഴ്ച ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ പങ്കെടുത്ത വർക്‌ഷോപ്പ് നടന്നിരുന്നു. കോവിഡ് സ്ഥിതിയെ നേരിടുന്നതിന് സര്‍ക്കാരെടുത്ത നടപടികള്‍ പൊതുജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുകയായിരുന്നു ലക്ഷ്യം.
പ്രധാനമന്ത്രി മോദിയുടെ ‘മൻ കി ബാത്തി’നായുള്ള ട്വിറ്റർ അക്കൗണ്ടിലും ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യണമെന്നാണ് നിർദേശം. കേന്ദ്രമന്ത്രിമാർ അവരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പാർട്ടി തലത്തിലും വിമർശനങ്ങളെ ശക്തമായി നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.
കേന്ദ്ര സർക്കാരിനെ വിമർശനങ്ങളിൽനിന്ന് രക്ഷിക്കാൻ ആർഎസ്എസും രംഗത്തിറങ്ങി. ‘പോസിറ്റിവിറ്റി അൺലിമിറ്റഡ്’ എന്ന പേരിൽ ഓൺലൈൻ ഇവന്റ് സംഘടിപ്പിക്കാനാണ് നീക്കം. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, മുതിർന്ന പ്രചോദകർ, മതനേതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരുടെ പ്രസംഗങ്ങളും ക്ലാസുകളുമാണ് ഇതിൽ സംഘടിപ്പിക്കുന്നത്.
















