തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാഹന പരിശോധന നടത്താന്‍ ഒരു സംഘടനക്കും അനുവാദമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. അത്തരത്തിലൊരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടില്‍ സന്നദ്ധ സംഘടനകള്‍ ഒരുപാടുണ്ട്. സര്‍ക്കാര്‍ തന്നെ അവരെ ക്ഷണിച്ച് സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങള്‍ക്ക് മാത്രമാണ് ഇതിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അനുമതി. അതോടൊപ്പം പൊലീസ് വിവിധ സ്ഥലങ്ങളില്‍, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വളണ്ടിയര്‍മാരെ കഴിഞ്ഞകൊല്ലവും നിയോഗിച്ചിട്ടുണ്ട്. അവരെല്ലാം പ്രവര്‍ത്തനസന്നദ്ധരായി വന്നവരാണ്. അവരുടെ രാഷ്ട്രീയമോ സംഘടന ബന്ധമോ പ്രദര്‍ശിപ്പിച്ച് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കില്ല. അത്തരത്തിലൊരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തിയത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പ്രവര്‍ത്തകര്‍ കാവി നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ചാണ് പൊലീസിനൊപ്പം പരിശോധനയില്‍ പങ്കെടുത്തത്.
സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇനി മേലില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നങ്ങളോ വസ്ത്രങ്ങളോ വോളണ്ടിയേഴ്സ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി.
അതേസമയം, സംഭവത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ, പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
















