കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിലാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിച്ചത്.
എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്‌സിന്‍ പിന്നീട് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. അതേസമയം, ഒരു കോടി ഡോസ് വാക്സിന്‍ വിലകൊടുത്തു വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. 75 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. 18- 45 പ്രായമുളളവരില്‍ ഗുരുതര രോഗം ഉള്ളവര്‍ക്കും പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്കുമാണ് ഈ വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന.
8- 45 പ്രായമുളളവരില്‍ നിലവില്‍ കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇവര്‍ക്ക് കോവിഡ് ബാധിക്കുന്നത് കൂടുതല്‍ അപകടകരമാകാന്‍ സാധ്യതുയുള്ളതിനാലാണിത്. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.
















