തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചില തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. കൂടുതല്‍ ജാഗ്രതയോടുകൂടിയ ഇടപെടല്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചികിത്സാ സൗകര്യകുറവ് അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി.
വാര്‍ഡ് തല സമിതികള്‍ പലയിടത്തും സജീവമല്ല. അലംഭാവം വെടിഞ്ഞ് എല്ലാ വാര്‍ഡുകളിലും സമിതികള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരെയും ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം. വാര്‍ഡുതല സമിതികള്‍ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയിലെ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് വാക്സിന് വിതരണത്തില്‍ മുന്‍ഗണന ഉണ്ടാകും. ആംബുലന്‍സ് തികയുന്നില്ലെങ്കില്‍ പകരം വാഹനങ്ങളുടെ പട്ടിക വേണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൃതദേഹം സംസ്കരിക്കാന്‍ വാര്‍ഡുതല സമിതി ഇടപെടണം. വയോജനങ്ങളുടെയും രോഗികളുടെയും പട്ടിക തയാറാക്കണം. പള്‍സ് ഓക്സി മീറ്ററുകളുടെ പൂള് തയാറാക്കണം. ഒരു വാര്‍ഡ് തല സമിതി അഞ്ച് പള്‍സ് ഓക്സി മീറ്ററെങ്കിലും കരുതണം. ഒരോ വാര്‍ഡിലും സന്നദ്ധ സേന ഉണ്ടാക്കണം. പ്രാദേശിക തലത്തില്‍ കണ്ട്രോള് റൂമുകള്‍ ഉണ്ടാക്കണം. പ്രാദേശിക തലത്തില്‍ ഒന്നിലധികം മെഡിക്കല്‍ ടീമും വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്ക് മാറണം. ഡിസിസിയില്‍ കഴിയുന്നവരുടെ ഭക്ഷണം വാര്‍ഡ് തല സമിതികളുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
















