മുംബൈ: കോവിഡ് പ്രതിസന്ധിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് വീണ്ടും ധനസഹായവുമായി നടന് സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ്, സ്പോട്ട് ബോയ്, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ ധനസഹായം നല്‍കുന്നത്.
1500 രൂപ വീതം 25,000 പേര്‍ക്കാണ് പണം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരുന്നു.
അടുത്തിടെ, ശിവസേനയുടെ യൂത്ത് വിങുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ള 5000 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഭക്ഷണമെത്തിക്കാനും സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. അവര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണത്തിന്‍റെ ഗുണമേന്മ സല്‍മാന്‍ പരിശോധിക്കുന്നതിന്‍റെയും പാക്കിങിന് നേതൃത്വം നല്‍കുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സല്‍മാന്‍ പുറമേ യാഷ് രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35,000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് യാഷ് രാജ് ഫിലിംസ് അറിയിച്ചു.
കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചതോടെ മറ്റ് മേഖലകളെ പോലെ തന്നെ സിനിമയെയും സാരമായി ബാധിച്ചു. സിനിമ സെറ്റുകളില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
















