തിരുവനന്തപുരം: വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമിലെ 112 എന്ന നമ്പറില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി കോവിഡ് അവബോധം വളര്‍ത്താന്‍ സമയബന്ധിതമായി ഇടപെടുന്നതിന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയ്ക്ക് നിര്‍ദേശം നല്കി. പൊലീസിന്റെ ഫേസ്ബുക്ക് പേജ്, മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്നില ബോധവത്ക്കരണത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോലീസിന്റെ ടെലി മെഡിസിന് ആപ്പായ ബ്ലൂടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദേശം നല്കി. ആശുപത്രികളില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡിന് മാത്രമല്ല അസുഖങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ആപ്പിലെ ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളവരെ തിരഞ്ഞെടുപ്പ് ബന്ധപ്പെടാം.
വീഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് പോലീസ് പരിശോധന സമയം കാണിച്ച് യാത്ര തുടരാം. അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെ തന്നെ ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
















