കണ്ണൂര്‍: ‘മ’ കൊണ്ട് മായാജാലം തീര്‍ത്ത മകാരം മത്തായി വിടവാങ്ങി. 84 വയസായിരുന്നു. കണ്ണൂര്‍ കേളകം ചുങ്കക്കുന്ന് സ്വദേശിയായ കൊട്ടാരം മാത്യു എന്ന മകാരം മത്തായി 1988ല്‍ ആണ് മ’ യില്‍ തുടങ്ങുന്ന വാക്കുകള്‍ ഉപയോഗിച്ച് മണിക്കുറുകളോളം സംസാരിക്കാന്‍ തുടങ്ങിയത്.
തുടര്‍ന്ന് 1992 ല്‍ തിരുവനന്തപുരത്ത് വച്ച് എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി ‘മ’ കാരത്തില്‍ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ അദ്ദേഹം ഇടംനേടി. കൂടാതെ ‘മ’ യില്‍ തുടങ്ങുന്ന വാക്കുകളും വരികളും അടങ്ങുന്ന 176 പേജുള്ള പുസ്തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന നിലയില്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചു. ‘മ’ യ്ക്കു പുറമേ അ, ക, പ, സ, ട്ട, എന്നീ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയും മത്തായി സംസാരിക്കാറുണ്ട്. തിക്കുറുശിയാണ് കൊട്ടാരം മാത്യുവിന് മകാരം മത്തായി എന്ന പേരു നല്‍കിയത്. ഭാര്യ ഏലിക്കുട്ടി. മക്കള്‍ മേഴ്സി, മനോജ്. മരുമക്കള്‍ ജെയ്മോന്‍, സോള്‍ജി. സംസ്‌കാരം ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍ നടക്കും.
















