തിരുവനന്തപുരം : ശ്രീചിത്രയില്‍ പത്ത് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ചില ശസ്ത്രക്രിയകള്‍ നാളത്തേക്കു മാറ്റിയതെന്നും ഇപ്പോള്‍ ഓക്‌സിജന്‍ ലഭിച്ചു തുടങ്ങിയെന്നും ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് ആവശ്യത്തിനു ഓക്‌സിജന്‍ എത്താത്തതാണ് ശ്രീചിത്രയിലും പ്രതിസന്ധിയുണ്ടാകാന്‍ കാരണം. ഒരു ദിവസം 90 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ശ്രീചിത്രയില്‍ ആവശ്യം. എന്നാല്‍ ഇന്നലെ 90 സിലിണ്ടറുകള്‍ക്ക് പകരം 17 എണ്ണം മാത്രമാണ് ലഭിച്ചത്. പാലക്കാടു നിന്ന് 3 കമ്പനികളാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിക്കുന്നത്. ടാങ്കറുകളുടെ ക്ഷാമമുള്ളതിനാല്‍ കമ്പനികള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചില്ല. തുടര്‍ന്ന്, എത്രയും വേഗം ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ കലക്ടര്‍ക്കു കത്തു നല്‍കി. പിന്നീട് കലക്ടറുടെ ഇടപെടലിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ കമ്പനികള്‍ക്കു ഓക്‌സിജന്‍ ലഭിച്ചു. അതേസമയം, രോഗികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ടില്ലെന്നും ആശുപത്രി ഡയറക്ടര്‍ വ്യക്തമാക്കി.
















