ഇന്ദോർ: കേന്ദ്രമന്ത്രി തവർചന്ദ് ഗെഹ്ലോട്ടിന്റെ മകൾ യോഗിത സോളങ്കി (42) കോവിഡ് ബാധിച്ചു മരിച്ചു. ഇന്ദോറിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. ശ്വാസകോശത്തിലെ അണുബാധയാണ് രോഗം ഗുരുതരമാക്കിയത്.
ശ്വാസകോശത്തിൽ 80 ശതമാനത്തോളം അണുബാധ ബാധിച്ചതാണ് ആരോഗ്യനില ഗുരുതരമാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജീവൻരക്ഷാ മരുന്നുകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രോഗബാധയെ തുടർന്ന് ആദ്യം ഉജ്ജയിനിലെ ആശുപത്രിയിലായിരുന്നു യോഗിതയെ പ്രവേശിപ്പിച്ചത്. പിന്നീട് മേദാന്തയിലേക്ക് മാറ്റുകയായിരുന്നു. വീട്ടമ്മയായ യോഗിത ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമായിരുന്നു താമസം.
















