ആലപ്പുഴ: തോല്‍വിയ്ക്ക് പിന്നാലെ ആലപ്പുഴ ഡിസിസി അധ്യക്ഷസ്ഥാനം എം ലിജു രാജിവെച്ചു. കണ്ണൂര്‍ ഇടുക്കി ഡിസിസി അധ്യക്ഷന്മാരും രാജിസന്നദ്ധത അറിയിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടത് സര്‍ക്കാര്‍ ചരിത്രവിജയവുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷനിരയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്.
പ്രതിപക്ഷ സ്ഥാനം രമേശ് ചെന്നിത്തല ഉപേക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍. പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന സൂചനകള്‍ പാര്‍ട്ടി നേതാക്കളോട് ചെന്നിത്തല പങ്ക് വച്ചിട്ടുണ്ട്. അതേസമയം, ചെന്നിത്തല മാറിയാല്‍ പിന്നെ സാധ്യത വിഡി സതീശനാണ്. വരും ദിവസങ്ങളില്‍ ചേരുന്ന പാര്‍ട്ടിയോഗങ്ങള്‍ ഫലം വിലയിരുത്തി തുടര്‍നടപടിയിലേക്ക് നീങ്ങും. ഹൈക്കമാന്‍ഡിന്റെ ഇടപെടലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നേരിട്ടിറങ്ങി നയിച്ച തെരഞ്ഞെടുപ്പ് തോറ്റതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എഐസിസിക്കും ഒഴിഞ്ഞുമാറാനാകില്ല.
















