ഫ്ലോറിഡ: പതിനാലാം വയസ്സിൽ സീരിയൽ കില്ലറാകാൻ ആദ്യകൊലപാതകം നടത്തിയ യുവാവ് ഒടുവിൽ ജയിലിൽ വെച്ച് മരിച്ചു. 31കാരനായ മൈക്കില്‍ ഹെര്‍ണാണ്ടസാണ് കൊളംബിയ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമിതമായ അളവിൽ മരുന്നു കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാള്‍ വ്യാഴാഴ്ച മരിക്കുകയായിരുന്നുവെന്നാണ് ഫ്ലോറിഡ ജയിൽ വകുപ്പ് സിബിഎസ് ചാനലിനോടു പറഞ്ഞത്. അതേസമയം, മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.മരുന്നു കഴിച്ച് ഇയാള്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2004 ൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ഇയാള്‍ സഹപാഠിയെ കൊലപ്പെടുത്തിയത്. ജെയ്മി ഗോഗ് എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ ഒരു കാര്യം കാണിച്ചു തരാമെന്നു പറഞ്ഞ് ശുചിമുറിയിലേയ്ക്ക് വിളിച്ചു കൊണ്ടു പോകുകയും ഇവിടെ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. പരമ്പര കൊലയാളികളോട് മൈക്കിളിന് അഭിനിവേശമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. താൻ കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുടെ ഒരു പട്ടികയും ഇയാള്‍ തയ്യാറാക്കി സൂക്ഷിച്ചിരുന്നു. നാൽപതു തവണയോളം കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തായിരുന്നു ജെയ്മിയുടെ കൊലപാതകം. കൊലപാതകത്തിനു ശേഷം ചോര പുരണ്ട കത്തിയുമായി മൈക്കിള്‍ ക്ലാസ് മുറിയിലേയ്ക്ക് കയറി വരികയായിരുന്നു.