വടക്കാഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തോ താന്‍ മത്സരിക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ലാത്തതാണ് തീരുമാനത്തിനു പിന്നിലെന്ന് വികാരാധീനനായി അനില്‍ അക്കരെ പറഞ്ഞു.
ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും കോൺഗ്രസിൽ പ്രവർത്തിച്ച് പുതിയ നേതാക്കൾക്ക് പിന്തുണ നൽകുമെന്നും അനില്‍ അക്കരെ വ്യക്തമാക്കി.
പിണറായി സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ വികാരാധീതമായ പ്രതികരണം. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്കാണ് തോല്പിച്ചത്. പത്തുവർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.
തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് അനിൽ അക്കര ഇവിടെ വിജയിച്ചത്.