ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും. ഗൂഗിൾ കമ്പനിയും ജീവനക്കാരും 135 കോടി രൂപ കൈമാറും.
യുനിസെഫും സന്നദ്ധ സംഘടനകൾ വഴിയുമാണ് ഇന്ത്യക്കായി ഗൂഗിൾ തുക ചെലവഴിക്കുക. സഹായ വാഗ്ദാനം അറിയിച്ചതിനൊപ്പം ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി മനസിനെ ഉലക്കുന്നുവെന്നും സുന്ദർ പിച്ചെ ട്വീറ്റ് ചെയ്തു.
‘ഹൃദയഭേദകം’ എന്നായിരുന്നു സത്യ നദെല്ലയുടെ പ്രതികരണം. ‘നിലവിലെ ഇന്ത്യൻ അവസ്ഥ ഹൃദയഭേദകമാണ്. യു.എസ് സർക്കാർ ഇന്ത്യയെ സഹായിക്കാൻ അണിനിരന്നതിൽ നന്ദി രേഖപ്പെടുത്തുന്നു. മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ വിനിയോഗിക്കും. ക്രിട്ടിക്കൽ ഓപ്ക്സലിൻ ഉപകരണങ്ങൾ വാങ്ങാൻ സഹായം നൽകും’ -സത്യ നദെല്ല ട്വീറ്റ് ചെയ്തു.
















