കാഠ്മണ്ഡു: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത മുന്‍ നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞി കോമള്‍ ഷാക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പി.സി.ആര് പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 11ന് ഹരിദ്വാറിലെത്തിയ ഇവര്‍ മാസ്ക് ധരിക്കാതെ ചടങ്ങുകളില്‍ പങ്കെടുത്തതിന് വിമര്‍ശനവും ശക്തമായിരുന്നു. 73 വയസ്സുള്ള ഗ്യാേനന്ദ്ര ഷായും 70 വയസ്സുള്ള കോമള്‍ ഷായും ഹര് കി പൗഡിയിലെ പുണ്യസ്നാനത്തില്‍ പങ്കെടുക്കുകയും നിരവധി സന്യാസിമാരുമായും തീര്‍ഥാടകരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍നിന്ന് തിരിച്ചെത്തിയ ഇരുവരെയും സ്വീകരിക്കാന്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നെന്ന് ‘ദി ഹിമാലയന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.