ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പതിമൂന്ന് കോടി അന്പത്തിയൊന്പത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറര ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 29.38 ലക്ഷം കടന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്ന് കോടി പതിനെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 5.75 ലക്ഷം പേര് മരിച്ചു. അതേസമയം, ബ്രസീലില്‍ ഒരു കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3.51 ലക്ഷം പേര് മരിച്ചു.
ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം 1.45 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 1.69 ലക്ഷമായി ഉയര്‍ന്നു.